മാധവിക്കുട്ടി - മദ്ധ്യവയസ്ക
നിങ്ങളുടെ കുട്ടികളിപ്പോൾ
നിങ്ങളുടെ കൂട്ടുകാരല്ലാതായിക്കഴിഞ്ഞുവെങ്കിൽ,
മുഖത്തു കനിവില്ലാത്ത, നാവിനു
മയമില്ലാത്ത
വിമർശകരാണവരിപ്പോഴെങ്കിൽ, അറിയുക,
നിങ്ങൾ മദ്ധ്യവയസ്കയായിരിക്കുന്നു.
ശലഭപ്പുഴുക്കളെപ്പോലെ കൊക്കൂണുകൾ പൊട്ടിച്ചവർ
യൗവനത്തിന്റെ പരുഷശോഭയിലേക്കു
പുറത്തുവന്നിരിക്കുന്നു.
ചായ പകരാനും ഇസ്തിരിയിടാനുമല്ലാതെ
അവർക്കിപ്പോൾ നിങ്ങളെ വേണ്ട;
എന്നാൽ നിങ്ങൾക്കവരെ വേണം,
പണ്ടത്തേതിലുമധികം വേണം,
അതിനാൽ ഒറ്റയ്ക്കാവുമ്പോൾ
അവരുടെ പുസ്തകങ്ങളിലും സാധനങ്ങളിലും
നിങ്ങൾ വിരലോടിക്കുന്നു,
ആരും കാണാതെ നിങ്ങളൊന്നു തേങ്ങിപ്പോകുന്നു.
പണ്ടൊരിക്കൽ രാത്രിയിൽ
നിങ്ങൾ മകനു കത്തയച്ചിരുന്നു,
അണ്ണാറക്കണ്ണന്മാർ തങ്ങളുടെ കാട്ടുവിരുന്നിന്
അവനെ ക്ഷണിക്കുന്നതായി.
അതേ മകൻ നീരസത്തോടെ തിരിഞ്ഞുനിന്ന്
അമ്മയിത്രനാൾ സ്വപ്നലോകത്താണു ജീവിച്ചത്,
ഇനി ഉണരാൻ കാലമായിരിക്കുന്നമ്മേ,
പണ്ടത്തെപ്പോലെ ചെറുപ്പമല്ലെന്നറിയില്ലേ
എന്നലറുന്നുവെങ്കിൽ, അറിയുക,
നിങ്ങൾ മദ്ധ്യവയസ്കയായിരിക്കുന്നു.
