മാധവിക്കുട്ടി - പുരുഷൻ ഒരു ഋതു
പുരുഷൻ ഒരു ഋതു പോലെയേയുള്ളു,
നീ നിത്യതയാണ്,
ഇതെന്നെപ്പഠിപ്പിക്കാൻ
എന്റെ യൗവനം നാണയം പോലെ പല കൈകൾ മറിയാൻ
നിങ്ങളെന്നെ വിട്ടു,
നിഴലുകളോടിണ ചേരാൻ
നിങ്ങളെന്നെ വിട്ടു,
പ്രതിഷ്ഠയില്ലാത്ത ശ്രീകോവിലുകളിൽ
നിങ്ങളെന്നെ പാടാൻ വിട്ടു,
അന്യരുടെ കൈകളിൽ നിർവൃതി തേടാൻ
നിങ്ങൾ സ്വന്തം ഭാര്യയെ പറഞ്ഞുവിട്ടു.
പക്ഷേ എന്റെ കണ്ണാടിയിൽ പതിഞ്ഞ നിഴലോരോന്നിലും
ഞാൻ കണ്ടതു നിങ്ങളുടെ അവ്യക്തബിംബമായിരുന്നു.
അതെ,
ഞാൻ പാടിയതൊറ്റയ്ക്കായിരുന്നു,
എന്റെ ഗാനങ്ങൾ ഏകാന്തമായിരുന്നു,
എന്നാലുമവ ഇരുണ്ട ചക്രവാളത്തിനുമപ്പുറത്തേക്കു
മാറ്റൊലിച്ചിരുന്നു.
അന്നസ്വസ്ഥമാകാതൊരു നിദ്രയുമുണ്ടായിരുന്നില്ല,
പ്രാചീനതൃഷ്ണകളെല്ലാമന്നുണർന്നിരിക്കുകയുമായിരുന്നു.
അന്നെനിക്കു വഴി നിശ്ചയമില്ലാതെ വന്നിരിക്കാം,
അല്ലെങ്കിലെനിക്കു വഴി തെറ്റിപ്പോയിരിക്കാം.
അന്ധയായ ഭാര്യ എങ്ങനെ തന്റെ ഭർത്താവിനെ തേടിപ്പിടിക്കാൻ,
ബധിരയായ ഭാര്യ എങ്ങനെ തന്റെ ഭർത്താവിന്റെ
വിളി കേൾക്കാൻ?
