Showing posts with label എ.അയ്യപ്പൻ-ഈശാവാസി. Show all posts
Showing posts with label എ.അയ്യപ്പൻ-ഈശാവാസി. Show all posts

Sunday, 8 October 2017

എ.അയ്യപ്പൻ-ഈശാവാസി



എ.അയ്യപ്പൻ-ഈശാവാസി


വീടില്ലാത്തവനൊരുവനോട്
വീടിനൊരു പേരിടാനും
മക്കളില്ലാത്തൊരുവനോട്
കുട്ടിയ്ക്കൊരു പേരിടാനും
ചൊല്ലുവേ നീ കൂട്ടുകാരാ
രണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെ തീ കണ്ടുവോ
പുരയില്ലാ.. പൂവില്ല
ഇരചുടുവാന്‍ തീയില്ല
കരം മുത്താന്‍ കയ്യില്ല
ഉണ്ടെല്ലോ നെഞ്ചിലെല്ലാം
അറിവായ വൃക്ഷത്തിന്റെ
അടിവേരുകള്‍ പൊട്ടുന്നു
ബോധിത്തണല്‍ എനിയ്ക്ക്
വെയിലായ് തീരുന്നു
ഉച്ചയ്ക്ക് ഉച്ചുപൊട്ടുമ്പോള്‍
അശ്വത്വം മറക്കുന്നു
അര്‍ത്ഥവത്തായ ജീവിതം
ഞാനോ നാളെയോ.. ഹും.!
ഒന്നുമില്ലാത്തവന്
ആരെന്ന് പേരിടുക
രണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെ തീകാണുക
അത്താണി ചാരിയിരിയ്ക്കെ
സ്വപ്നത്തില്‍ മരം പൂത്തു
എനിക്കായ് ഒരു കൊച്ചരുവി
ഇരുന്നുണ്ണാന്‍ ഒരു പീഠം
മുറ്റം നിറച്ചുമെന്റെ
മുത്തിന്റെ കാലടയാളം
ചാന്ദ്രമാസ കലണ്ടറില്‍
എവിടെയാകുന്നെന്റെ നാള്‍
എവിടെയാകുന്നെന്റെ നാള്‍
എവിടെ..
നാല്‍ക്കവലയിലെ ആള്‍ക്കൂട്ടം
നാലായ് പിരിഞ്ഞൊഴുകി
അതിലൊരുവന്‍ തിരസ്കൃതന്‍
അവന്റെ പേര് ഏകാകി
എന്നെ നീ സ്നേഹിയ്ക്കുമോ
എന്നോട് ഞാന്‍ ലജ്ജിച്ചു
വിലയ്ക്ക് കിട്ടാനുണ്ടോ
യുവത്വത്തിന്റെ മസ്തിഷ്ക്കം
വിലകൊടുത്തു വാങ്ങണം പോലും
പുരവെയ്ക്കാന്‍ ഭൂമിയെ
കാട്ടിലേയ്ക്ക് പോകാം
കാണാം നമുക്കെല്ലാം
മരം, മഞ്ഞ്, മാനുകള്‍
മന്ദമായ് ഒഴുകും പുഴ
വീടോ ഒരുമ്മയോ കിട്ടാത്ത
വിഡ്ഡിയ്ക്കൊരു പേരിടുക
രണ്ടുമില്ലാത്തൊരുത്തന്റെ
നെഞ്ചിലെ തീകാണുക
നിദ്രയില്‍ ഞാന്‍ വീട് കണ്ടു
ചത്ത ചിത്രശലഭങ്ങളാല്‍
തോരണം തൂക്കിയ കൊച്ചൊരു വീട്
നിദ്രയില്‍ ഞാന്‍ കുട്ടിയെ കണ്ടു
ചിരിച്ച് കിടക്കുന്നു ശവപേടകത്തില്‍
ഇമകളനങ്ങാത്ത കൊച്ചൊരു ജഡം
ആരുടെ നഖദഷ്ട്രകള്‍
അസ്ഥി മഞ്ജകളില്‍ അമര്‍ന്നു
രക്താസ്കിത ഭൂമിയില്‍ നിന്നും
അപ്പോഴേയ്ക്കും ഞാനുണര്‍ന്നു
ഇതാണ് ശാന്തിപാഠം
ഇതെനിയ്ക്ക് ഈശാവാസി