Showing posts with label വാമൊഴി കവിത - മന്ത്രം. Show all posts
Showing posts with label വാമൊഴി കവിത - മന്ത്രം. Show all posts

Sunday, 15 October 2017

വാമൊഴി കവിത - മന്ത്രം



വാമൊഴി കവിത - മന്ത്രം
ദൈവമെല്ലാം സൃഷ്ടിക്കുന്ന വേളയിൽ 
അവൻ സൂര്യനെ സൃഷ്ടിച്ചു;
സൂര്യൻ ജനിക്കുന്നു മരിക്കുന്നു പിന്നെയും ജനിക്കുന്നു.
അവൻ ചന്ദ്രനെ സൃഷ്ടിച്ചു,
ചന്ദ്രൻ ജനിക്കുന്നു, മരിക്കുന്നു പിന്നെയും ജനിക്കുന്നു.
അവൻ നക്ഷത്രങ്ങളെ സൃഷ്ടിച്ചു,
നക്ഷത്രങ്ങൾ ജനിക്കുന്നു, മരിക്കുന്നു പിന്നെയും ജനിക്കുന്നു.
അവൻ മനുഷ്യനെ സൃഷ്ടിച്ചു,
മനുഷ്യൻ ജനിക്കുന്നു മരിക്കുന്നു പിന്നെ ജനിക്കുന്നുമില്ല.
(ഡിങ്കാഗോത്രം, സുഡാൻ)

മുഹമ്മദ് ഇഖ്ബാല്‍ - മനുഷ്യനും ദൈവവും


ഒരേ മണ്ണും ജലവും കൊണ്ടു നാം ഈ ലോകം സൃഷ്ടിച്ചു,
നീയതിനെ ഇറാനും താർത്താരിയും നൂബിയായുമാക്കി.
പൊടിയിൽ നിന്നു നാം കറ പുരളാത്ത ഇരുമ്പയിരു സൃഷ്ടിച്ചു,
നീയതിനെ വാളും വില്ലും തോക്കുമാക്കി,
മരത്തെ വീഴ്ത്താൻ മഴുവാക്കി,
പാടുന്ന കിളിയെ തടവിലാക്കാൻ കൂടുമാക്കി.

മനുഷ്യൻ:

നീ രാത്രി സൃഷ്ടിച്ചു, ഞാനതിൽ വിളക്കു കൊളുത്തിവച്ചു.
നീ കളിമണ്ണു സൃഷ്ടിച്ചു, ഞാനതിനെ ചഷകമായി മെനഞ്ഞു.
ചതുപ്പുകളും മലകളും കാടുകളും നീ സൃഷ്ടിച്ചതിൽ
തോപ്പുകളും പൂത്തടങ്ങളും ഉദ്യാനങ്ങളും ഞാൻ വിരിച്ചു.
കല്ലുരച്ചു കണ്ണാടിയാക്കിയതു ഞാൻ,
വിഷത്തിൽ നിന്നമൃതമെടുത്തതും ഞാൻ.