Showing posts with label മാധവിക്കൂട്ടി - അന്ത്യയാത്ര. Show all posts
Showing posts with label മാധവിക്കൂട്ടി - അന്ത്യയാത്ര. Show all posts

Friday, 13 October 2017

മാധവിക്കൂട്ടി - അന്ത്യയാത്ര

മാധവിക്കൂട്ടി - അന്ത്യയാത്ര


അതെ, മരങ്ങളിതാ മാഞ്ഞുപോകുന്നു,
കരയെ കുടുക്കെറിയുന്ന തെളിഞ്ഞ കടലും,
നീലിമയിലലിയുന്ന കുന്നുകൾ,
ഇലച്ചാർത്തിലൊളിക്കുന്ന കിളികൾ,
പശുവും വാതിലിനരികിലെ നായയും,
എനിക്കു മേലെ ചുളി വീണ മുഖം പോലും.
ഇലച്ചാർത്തു പാടുന്നതു ഞാൻ കേൾക്കുന്നു,
എങ്കിൽ കടലതിന്റെ കളിയൊച്ച നിർത്തിയോ?
ആരോയെന്റെ വിരലുകളമർത്തിപ്പിടിക്കുന്നു,
എന്റെ കിടക്കയ്ക്കരികിലാരോ തേങ്ങുന്നു.
ഇതു പക്ഷേ, തോണിയിൽ കയറാനുള്ള നേരമത്രേ,
ഇരുളു വീണ തോണിയുടെ അടിത്തട്ടിൽ
പഞ്ഞിക്കെട്ടുകൾ പോലെന്റെ ചിന്തകൾ ഞാനട്ടിയിടും,
കണ്ണീരൊലിപ്പിക്കുന്ന മുഖത്തെപ്പോലും
തണുപ്പു കേറുന്ന വിരൽത്തുമ്പുകൾ കൊണ്ടു ഞാൻ മായ്ക്കും.
ഓർമ്മയുടെ അലക്കിവെളുപ്പിച്ച വിരിപ്പുകളിൽ
മറുകരയെത്തും വരെയിരുന്നു ഞാൻ നേരം വെളുപ്പിക്കും.