Sunday, 8 October 2017

എ.അയ്യപ്പൻ വിശപ്പുള്ളവൻ ചെരിപ്പു തിന്നുന്നതു കണ്ട്


എ.അയ്യപ്പൻ
വിശപ്പുള്ളവൻ ചെരിപ്പു തിന്നുന്നതു കണ്ട്

വിശപ്പുള്ളവൻ ചെരിപ്പു തിന്നുന്നതു കണ്ട്
ചിരിച്ചവനാണ് ഞാൻ.
അന്നത്തെ കോമാളിത്തരമോര്ത്ത്
ഇന്നു ഞാൻ കരയുന്നു.
കൊടും ശൈത്യത്തിൽ
അന്ധകാരത്തിനെ പുതപ്പാക്കിയവനെ കാണാതെ
ചൂടുള്ള മുറിയിൽ പ്രകാശത്തിലുറങ്ങിയവൻ.
ഇന്ന്
മഞ്ഞുകാലത്ത്
അവനെയോർത്ത്
ഞാൻ പുതപ്പില്ലാതെ പൊള്ളുന്നു.
കടലിനോടു പൊരുതിയ
കിഴവന്റെ മീൻ തിന്നത് ഞാനാണ്.
ഇന്ന്
സിംഹതുല്യമായ അവന്റെ സ്വപ്‌നങ്ങൾ
എന്നെ വേട്ടയാടുന്നു.
മകന് വേശ്യയെ സമ്മാനിച്ച
അച്ഛന്റെ കാരുണ്യം കണ്ടവൻ.
ഇന്ന്
നിന്ദിതനായ എന്നെ
അവന്റെ സ്വാർത്ഥത
സദാപി പീഡിപ്പിക്കുന്നു.
അപ്പത്തിനു കൈ നീട്ടിയവന്റെ
മുഖം പൊള്ളിച്ചവൻ.
ഇന്ന്
തീ പിടിച്ച ആ വെള്ളം
എന്റെ കൂരയെ ചാരമാക്കുന്നു
……