Tuesday, 10 October 2017

നിസാർ ഖബ്ബാനി -ഞാൻ പ്രണയിക്കുമ്പോൾ



നിസാർ ഖബ്ബാനി -ഞാൻ പ്രണയിക്കുമ്പോൾ

           
        പ്രണയിക്കുമ്പോൾ
ഞാനാണു  കാലത്തിന്നധിപതിയെന്നു
തോന്നിപ്പോകുന്നു. 
ഭൂമിയും അതിലെ സകല വസ്തുക്കളും
എന്റെ അധീനത്തിലാകുന്നു
ഞാൻ എന്റെ കുതിരപ്പുറത്ത്
സൂര്യനിലേക്കു സഞ്ചരിക്കുന്നു.
           
പ്രണയിക്കുമ്പോൾ
ഞാൻ മിഴികൾക്ക് അപ്രാപ്യമായ
ദ്രാവകപ്രകാശമായി മാറുന്നു
എന്റെ നോട്ടുബുക്കിലെ കവിതകൾ
*കറുപ്പിന്റെയും തൊട്ടാവാടികളുടെയും
വയലുകളായി മാറുന്നു.
         
ഞാൻ പ്രണയിക്കുമ്പോൾ
എന്റെ വിരലുകളിൽ നിന്ന്
ജലം കുത്തിയൊഴുകുന്നു.
എന്റെ നാക്കിൽ പുല്ലുകൾ വളരുന്നു
ഞാൻ പ്രണയിക്കുമ്പോൾ
കാലങ്ങൾക്കെല്ലാം പുറത്ത്
മറ്റൊരു കാലമായി ഞാൻ മാറുന്നു.
ഞാൻ ഒരു സ്ത്രീയെ പ്രണയിക്കുമ്പോൾ
എല്ലാ വൃക്ഷങ്ങളും
എനിക്കു നേരേ
നഗ്നപാദരായി ഓടിവരുന്നു.